ആലുവ: മുപ്പത്തടം മഠത്തുംപടി പുറന്തലപ്പാടത്ത് കുഞ്ഞിക്കൊച്ച് ഹാജി സൗജന്യമായി നൽകിയ ഭൂമിയിൽ മൂന്ന് നിർദ്ധനർക്കുകൂടി വീടൊരുങ്ങി. സ്ഥലത്തിന്റെ ആധാരവും വീടിന്റെ താക്കോലും ഇന്ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് കൈമാറും.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 21-ാംവാർഡിൽ പടിഞ്ഞാറെ കടുങ്ങല്ലൂരിൽ വെളിയത്തുപറമ്പിൽ 2.100 സെന്റ് സ്ഥലംവീതം ജയശ്രീ അനിൽകുമാർ, ബിന്ദു ഗംഗാധരൻ, മഹേഷ്‌കുമാർ അക്കാട്ട് എന്നിവർക്കാണ് കുഞ്ഞിക്കൊച്ച് ഹാജി സൗജന്യമായി നൽകിയത്. ഇവിടേക്ക് മൂന്നുമീറ്റർ വീതിയിൽ വഴിയും നൽകി. വാടകവീടുകളിൽ കഴിയുന്ന ജയശ്രീ, ബിന്ദു എന്നിവർ വിധവകളും മഹേഷ് നിർദ്ധനനുമാണ്. ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്തും എടയാർ സുദ്ദ് കെമിയുടെ സി.എസ്.ആർ വിഹിതവും ഉപയോഗപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചത്.
മന്ത്രി പി. രാജീവാണ് മൂന്ന് വീടുകൾക്കും തറക്കല്ലിട്ടത്. 10 മാസം കൊണ്ട് നിർമ്മാണം പൂർത്തിയായി. താക്കോൽദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും.
കുഞ്ഞിക്കൊച്ച് ഹാജിയും കുടുംബവും
വിട്ടുനൽകിയത് മൂന്നേക്കറിലേറെ ഭൂമി
കുഞ്ഞിക്കൊച്ച് ഹാജിയും കുടുംബവും ഗ്രാമ - ബ്ളോക്ക് പഞ്ചായത്തിനുമായി പലപ്പോഴായി വിട്ടുനൽകിയത് മൂന്നേക്കറിലേറെ ഭൂമിയാണ്. വർഷങ്ങൾക്കുമുമ്പ് കടുങ്ങല്ലൂരിലെ എരമത്ത് ഹരിജൻ കോളനിക്കും മൂന്ന് - നാല് സെന്റ് കോളനികൾക്കും ഭൂമി നൽകിയിരുന്നു.
ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് പാനായിക്കുളത്തും ഭവനപദ്ധതിക്കായി ഒരേക്കർ നൽകി. മൂന്നര വർഷംമുമ്പ് കടുങ്ങല്ലൂരിലും നാലുപേർക്ക് വീട് നിർമ്മിക്കാൻ ഭൂമിനൽകി. അങ്കണവാടിക്കും നാലുസെന്റ് സ്ഥലവും പഞ്ചായത്തിനായി പഞ്ചായത്ത് ഓഫീസിന് സമീപം 10 സെന്റ് സ്ഥലവും നൽകി. കാൻസർ ബാധിച്ച് മരിച്ച മകൾ റഹ്മത്തിന്റെ സ്മരണയ്ക്കായി ഒരാളുടെ വീട് പൂർണമായും നിർമ്മിച്ചുനൽകി. മറ്റ് മൂന്ന് വീടുകളുടെ നിർമ്മാണത്തിലും ഭാഗികമായി പങ്കാളിയായി.
എടയാറ്റുചാലിന് സമീപം കാമ്പിള്ളി റോഡിൽ ഒരേക്കർ ഭൂമി ലൈഫ് പദ്ധതിക്കായി വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെങ്കിലും തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലായതിനാൽ നടപടിക്രമങ്ങൾ ഇഴയുകയാണ്. നിർദ്ധനരെ സഹായിക്കുന്ന പിതാവിന്റെ പാതയാണ് 83കാരനായ കുഞ്ഞിക്കൊച്ചിനും.