തോപ്പുംപടി: കൊച്ചിയിൽ കൊതുക് ശല്യം രൂക്ഷമായിട്ടും അനങ്ങാതെ നഗരസഭ. സന്ധ്യ സമയങ്ങളിൽ മാത്രം ഉണ്ടായിരുന്ന കൊതുക് ശല്യം ഇപ്പോൾ പകൽ സമയത്തു പോലും രൂക്ഷമായെന്ന് നാട്ടുകാർ.

ചെറിയ തരം കൊതുകുകളുടെ ശല്യമാണ് രൂക്ഷം. കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചി നഗരസഭയിൽ കരാർ വ്യവസ്ഥയിൽ നിരവധി തൊഴിലാളികളെ തിരുകി കയറ്റിയിട്ടും കാനകളിൽ മരുന്ന് തളിക്കാനോ ഫോഗിംഗ് നടത്തുവാനോ ആരും ഇല്ലാത്ത സ്ഥിതിയാണ്.

രാത്രി സമയങ്ങളിൽ കറണ്ട് പോകുന്നതോടെയാണ് കൊതുക് ശല്യം രൂക്ഷമാകുന്നത്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ ഉറങ്ങാതെ കാത്തിരിക്കുന്ന സ്ഥിതിയാണ് പശ്ചിമ കൊച്ചിയിലെന്ന് നാട്ടുകാർ പറഞ്ഞു.

..................................

വർഷാവർഷം കൊതുക് പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ നീക്കിവച്ചിട്ടും അത് വക മാറ്റി ചെലവഴിക്കുകയാണ്. കൊതുക് ശല്യത്തിന് പരിഹാരം കാണാത്ത പക്ഷം കൂടുതൽ സമരമുറകളുമായി മുന്നോട്ട് പോകും.

പ്രതിപക്ഷ നേതാവ് ആന്റണി​ കുരീത്തറ