
കൊച്ചി: ഭൂമി തരംമാറ്റൽ അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കുന്നതിനു ഫെബ്രുവരി 17ന് റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കും. രാവിലെ 9ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസിനും ഉച്ചകഴിഞ്ഞ് രണ്ടിന് ഫോർട്ടുകൊച്ചി സബ് കളക്ടർ ഓഫീസിനു കീഴിലും അദാലത്ത് നടത്തും. 2023 ഡിസംബർ 31 വരെയുള്ള എല്ലാ അപേക്ഷകളും അദാലത്തിൽ പരിഹരിക്കും.
മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ പരിധിയിലെ 54 വില്ലേജുകളിലായി 4389 അപേക്ഷകൾക്കും ഫോർട്ടുകൊച്ചി സബ് കളക്ടർ ഓഫീസ് പരിധിയിലെ 70 വില്ലേജുകളിലായി 14,754 അപേക്ഷകളുമുണ്ട്. നടപടികൾ വേഗത്തിലാക്കാൻ എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടർമാരെ ചാർജ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കീരംപാറ, കടവൂർ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകി നടപടികൾ സ്വീകരിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫോർട്ടുകൊച്ചി സബ് കളക്ടർ കെ. മീര, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, ഡെപ്യൂട്ടി കളക്ടർ വി.ഇ.അബ്ബാസ്, തുടങ്ങിയവർ പങ്കെടുത്തു