
കൊച്ചി: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നിയമത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് തുടർച്ചയായ പരിശീലനം നല്കണമെന്ന് ഹൈക്കോടതി. നിസാര കാരണങ്ങൾ പറഞ്ഞ് അപേക്ഷകൾ നിരാകരിക്കുന്ന മനോഭാവത്തിൽ തരിമ്പും മാറ്റമുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവിൽ പറയുന്നു. ഇരിങ്ങാലക്കുട ആർ.ഡി.ഒയെ എതിർകക്ഷിയാക്കി പറപ്പൂക്കരയിലെ ഭൂവുടമ കുക്കൂ ജോയ് നല്കിയ ഹർജിയിലാണ് നിർദ്ദേശം.
റവന്യൂ സെക്രട്ടറി, അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കാൻ നടപടിയെടുക്കണം. ഓൺലൈനിലും ക്ലാസുകളാകാം.
2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഭൂമി തരംമാറ്റ അപേക്ഷകളിൽ ഉചിതമായും നിയമപരമായും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
ഹർജിക്കാരിയുടെ ഭൂമിയുടെ ഒരു ഭാഗം 'നിലം" എന്ന് രേഖപ്പെടുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കിക്കിട്ടാനുള്ള അപേക്ഷ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആർ.ഡി.ഒ. തള്ളി. തുടർന്ന് ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.