പെരുമ്പാവൂർ: വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിത്തീർന്ന വെങ്ങോല പഞ്ചായത്തിലെ ഓണംകുളം - ഊട്ടിമറ്റം റോഡിന് ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വെങ്ങോല പഞ്ചായത്ത് മുൻ അംഗം ശിവൻ കദളി നവകേരളസദസിൽ നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന റോഡിൽ വൻകുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഈ റോഡിലെ ഊട്ടിമറ്റം ഭാഗത്ത് വലിയതോടിനോട് ചേർന്ന് റോഡിന്റെ പാർശ്വഭിത്തി തകർന്നുവീണിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. പെരുമ്പാവൂരിൽനിന്ന് ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് ഈ റോഡ്.
വെങ്ങോല ശാലേം സ്കൂൾ, വെങ്ങോല സർക്കാർ ആശുപത്രി, വെങ്ങോല മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏക മാർഗവുമാണ് ഈ റോഡ്.