കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീപാർവതിദേവിയുടെ നടതുറന്ന് ദർശനം ലഭിക്കുന്ന പന്ത്രണ്ട് ദിവസത്തെ ഉത്സവം സമാപിച്ചു. ഇന്നലെ രാത്രി ദർശനം പൂർത്തിയാക്കി ഭക്തർ നാലമ്പലം ഒഴിഞ്ഞതോടെ നട അടയ്ക്കുന്നതിനുള്ള ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, മാനേജർ എം.കെ. കലാധരൻ, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ നടയ്ക്കൽ സന്നിഹിതരായി. പിന്നാലെ ബ്രാഹ്മണിയമ്മ ശ്രീകോവിലിനു മുന്നിൽ നിന്ന് 'എല്ലാവരും തൃക്കൺ പാർത്തു കഴിഞ്ഞുവോ" എന്ന് വിളിച്ചു ചോദിച്ചു. 'ഉവ്വ്" എന്ന് സമുദായ തിരുമേനി ഉത്തരം നൽകിയതോടെ നട അടയ്ക്കാൻ അനുവാദം നൽകി. നാലമ്പലത്തിനു പുറത്ത് തിങ്ങിനിന്ന ഭക്തർ പഞ്ചാക്ഷരി മന്ത്രങ്ങളും ദേവീസ്തുതികളുമായി തൊഴുകൈകളോടെ പിൻവാങ്ങി. 2025 ജനുവരി 12 മുതൽ 23 വരെയാണ് അടുത്ത നടതുറപ്പ് മഹോത്സവം.