പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ ഹരിതകർമസേന കൺസോർഷ്യം അക്കൗണ്ടിൽനിന്ന് മൂന്നുലക്ഷം രൂപയോളം അനധികൃതമായി പിൻവലിച്ചു. കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലാണ് ചേന്ദമംഗലം സഹകരണ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുക നിക്ഷേപിച്ചിരുന്നത്. പിൻവലിച്ച പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരിതകർമസേന സെക്രട്ടറിക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. പഞ്ചായത്തിലെ പതിനെട്ട് വാർഡുകൾ ഉൾപ്പെടുത്തിയാണ് ഹരിതകർമസേന കൺസോർഷ്യം രൂപീകരിച്ചത്. പഞ്ചായത്തിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് വാങ്ങുന്ന പണം ഈ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഓരോ മാസത്തെയും കളക്ഷൻ നോക്കിയാണ് സേനാംഗങ്ങൾക്ക് ചെക്കുവഴി പണം നൽകുന്നത്. ക്രിസ്‌മസിന്‌ ഹരിതകർമസേന അംഗങ്ങൾക്ക് പഞ്ചായത്ത് 500 രൂപ ബോണസ് അനുവദിച്ചിരുന്നു. അംഗങ്ങൾ തുകയെടുക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണം കുറവാണെന്ന് അറിയുന്നത്. കൺസോർഷ്യം പ്രസിഡന്റിന്റെ അറിവില്ലാതെ സെക്രട്ടറി പണം എടുത്തതായാണ് മനസിലാക്കുന്നതെന്നും കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്നും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ പറഞ്ഞു.