k

കൊച്ചി: മൂന്നാം വയസിൽ ചിലങ്കയണിഞ്ഞ ദുർഗയ്ക്ക് ഉള്ളാകെ കഥകളിയും കലാമണ്ഡലവുമാണ്. ഗുരു കലാമണ്ഡലം പാർവതിക്കു കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ കാലംമുതൽ മനസിൽ കയറിക്കൂടിയതാണ് കലാമണ്ഡലം എന്ന മോഹം. എട്ടാം ക്ലാസിൽ അവിടയൊരു അഡ്മിഷന് ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല.

എന്നാൽ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്‌കൂളിലെത്തിയതോടെ കലാമണ്ഡലത്തിൽ അഡ്മിഷൻ ലഭിക്കാതിരുന്നതിന്റെ ദുർഗയുടെ വിഷമം എല്ലാം മാറി. പുതിയ സ്‌കൂളൊന്നാകെ അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. മോഹിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയും കേരളനടനവുമെല്ലാം അഭ്യസിക്കുന്ന അവളിലേക്ക് ഒടുവിൽ കാത്തിരുന്ന പോലെ കഥകളിയുമെത്തി. കലാമണ്ഡലം കൃഷ്ണപ്രസാദാണ് ഗുരു. കൂലിപ്പണിക്കാരാനായ പിതാവ് സുരേഷിന് രണ്ടു മക്കളുടെ പഠനവും വീട്ടു ചെലവും ദുർഗയുടെ നൃത്തവുമല്ലാം കൂടി താങ്ങാവുന്നതിനുമപ്പുറമായപ്പോൾ അദ്ധ്യാപകരായ മീരയും സുധീറും പ്രിൻസിപ്പൽ മുർഷിദും സ്‌കൂൾ മാനേജർ മായയും മറ്റ് അദ്ധ്യാപകരുമെല്ലാം സാമ്പത്തികമായും അല്ലാതെയും ദുർഗയേയും കുടുംബത്തെയും ചേർത്തു നിറുത്തി. കാത്തിരുന്ന് അഭ്യസിച്ചുതുടങ്ങിയ കഥകളിയിൽ ഗ്രൂപ്പ് സംഗിൾ ഇനങ്ങളിൽ മത്സരിച്ച ദുർഗ രണ്ടിലും എ ഗ്രേഡും നേടിയാണ് കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്. അപ്പോഴും ഉള്ളിലെ ഏറ്റവും വലിയ ആഗ്രഹമായി കലാമണ്ഡലം അവശേഷിക്കുന്നു. രമ്യയാണ് അമ്മ. അഞ്ചാംക്ലാസുകാരൻ കാശിനാഥ് സഹോദരനും.