കൊച്ചി: വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫിഷറീസ് ശാസ്ത്രജ്ഞരുടെയും ജല-പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും അന്താരാഷ്ട്ര സമ്മേളനമായ ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്‌സ്‌പോ 12 മുതൽ 14 വരെ കുഫോസിൽ നടക്കും.

പനങ്ങാട് ഫിഷറീസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയായ കോഫ്പയുമായി സഹകരിച്ചാണ് ഫിഷറീസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണതോതും പ്രധാന ചർച്ചാവിഷയമാകും.

സ്വദേശത്തെയും വിദേശത്തെയും പ്രധാന സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇതോനുബന്ധിച്ചുള്ള എക്‌സ്‌പോയിൽ ഉണ്ടാകും. മൂന്ന് ദിവസത്തെ കോൺഗ്രസിൽ ഉരുത്തിരിയുന്ന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനും ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാർഷിക സംഘടനക്കും സമർപ്പിക്കുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ പറഞ്ഞു.