കൊച്ചി: നഗരത്തിലെ കൊതുക് നിവാരണത്തിന് 150 കരാർ തൊഴിലാളികളെ രണ്ട് മാസത്തേക്ക് നിയമിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ നിയമിക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ ഫോഗിംഗ് അടക്കം നടത്തും.
കാനവൃത്തിയാക്കുന്നതിന് ഓരോ വാർഡിനും 50000 രൂപ അനുവദിക്കുമെന്നും മേയർ പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്താനും തീരുമാനമായി. നഗരത്തിൽ ഡെങ്കിപ്പനി പടരുന്നതിനെതിരെ കൗൺസിലിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. നഗരത്തിൽ ഫോഗിംഗ് നടക്കുന്നില്ലെന്നും ഇതിനായി തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും കൗൺസിലർ ഹെൻറി ഓസ്റ്റിൻ പറഞ്ഞു. എന്നാൽ കൊതുക് നിവാരണം സാദ്ധ്യമാകണമെങ്കിൽ സ്വീവേജ് പദ്ധതി നടപ്പിലാക്കിയേ മാതിയാകു എന്ന് മേയർ പറഞ്ഞു. കൊച്ചിയിൽ ഇതുവരെ പദ്ധതി നടപ്പിലാക്കത്തതിന് കാരണം ചിലരുടെ എതിർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നുരുന്നിയിൽ അപകടമുണ്ടായ സ്വകാര്യ പാർക്കിന് ലൈസൻസില്ലെന്ന് വർക്ക് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സൺ ആരോപിച്ചു. പാർക്കിലെ റാമ്പിന്റെ കേബിൾ പൊട്ടി അഞ്ചുപേർക്ക് അപകടം സംഭവിച്ചിരുന്നു. ഇത് അന്വേഷിക്കാനും കൗൺസിലിൽ തീരുമാനമായി.
ബയോ മൈനിംഗ് പ്രവർത്തനം നിരീക്ഷിക്കും
ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് എല്ലാമാസവും പരിശോധിക്കാൻ കൺസിലിൽ തീരുമാനം. ബയോമൈനിംഗിന്റെ ട്രയൽ റൺ വിജയമായിരുന്നതായി കരാർ ഏറ്റെടുത്ത കമ്പനി അറിയിച്ചതായും മേയർ പറഞ്ഞു.
ബയോമൈനിംഗ് നിശ്ചിത സമയത്തിനകം പൂർത്തിയാക്കും. കരാർ ഏറ്റെടുത്ത കമ്പനി പ്രവർത്തികൾക്കായി നിലവിലെ ഷെഡ് ഉപയോഗിച്ചാൽ അതിനു ന്യായമായ തുക കുറയ്ക്കാൻ അവരോട് ആവശ്യപ്പെടും. ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുന്നത് ബ്രഹ്മപുരത്തെ കരഭൂമിയിലാണ്. ചതുപ്പിലോ, നികത്തിയ സ്ഥലത്തോ അല്ല. കോർപ്പറേഷനിൽ കെ-സ്മാർട്ട് നടപ്പാക്കാനായത് അഭിമാനാർഹമായ നേട്ടമാണ്. ഇതിന് പിന്നിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമുണ്ട്. മാസ്റ്റർ പ്ലാനിൽ പത്മ സരോവരം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതിൽ നിർമ്മാണ പ്രവൃത്തികളില്ല. പദ്ധതി നടപ്പാക്കാൻ ഭൂവുടമകളിൽ നിന്ന് സ്ഥലം വിട്ടുകിട്ടേതുണ്ടെന്ന് മേയർ പറഞ്ഞു.
കൊതുക് ബാറ്രുകൊണ്ട് പ്രതിഷേധം
നഗരത്തിൽ കൊതുക് നിവാരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ കോർപ്പറേഷനിൽ പ്രതിഷേധിച്ചു. കൊതുക് ബാറ്റുമായി എത്തിയ അംഗങ്ങൾ കൗസിൽ ഹാളിൽ കയറി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.