കൊല്ലം: ക്രിസ്തീയ കഥകൾ നിറയുന്ന ചവിട്ടുനാടക വേദിയിൽ അപ്രതീക്ഷിതമായൊരു കഥയെത്തി. കുണ്ടറ വിളംബരത്തിന്റെ പാരമ്പര്യം പേറുന്ന കൊല്ലത്തുകാരെ ആവേശഭരിതരാക്കിയ കഥ, വേലുത്തമ്പിദളവ!.
കലോത്സവ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ ചവിട്ടുനാടക പരിശീലകനും പ്രശസ്ത ചവിട്ടുനാടക കലാകാരനുമായ തമ്പി പയ്യംപള്ളിയാണ് കഥ അണിയിച്ചൊരുക്കിയത്. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും കൊല്ലം കുണ്ടറ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളുമാണ് വേലുത്തമ്പിദളവയെ വേദിയിലെത്തിച്ചത്.
നവോത്ഥാനത്തിന്റെയും കരുത്തിന്റെയും കഥപറഞ്ഞ വേലുത്തമ്പിയെ കാണികൾ നിറകൈയടികളോടെയാണ് വരവേറ്റത്. ഹൈസ്‌കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 15 ടീമുകളുമായാണ് തമ്പിയാശാൻ ഇത്തവണത്തെ കലോത്സവത്തിനെത്തിയത്.