കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന കാക്കനാട് കുസുമഗിരി സ്വദേശി ആഷിൽ ലെനിൻ (25) എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായി. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി ആൻഡ് സ്പാ എന്ന മസാജ് പാർലർ നടത്തി വരികയായിരുന്നു ഇയാൾ. 38 ഗ്രാം എം.ഡി.എം.എ, രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ്, രണ്ട് സ്മാർട്ട് ഫോൺ, 9100 രൂപ എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മസാജ് പാർലറിൽ അസ്വാഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിന്നൽ പരിശോധന നടത്തുകയായിരുന്നു. സ്പാകൾ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ടി.എൻ . സുധീർ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.