കൊച്ചി: ചേരാനെല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച് കട തല്ലിത്തകർത്ത ശേഷം ഒളിവിൽപ്പോയ കാപ്പ കേസ് പ്രതി പിടിയിൽ. തൃശൂർ സ്വദേശി ഹരീഷിനെയാണ് പ്രത്യേക അന്വേഷണസംഘം കർണാടകയിലെ ബിഡദിയിൽ നിന്ന് പിടികൂടിയത്. ഇവിടെ ഡോഗ് ട്രെയിനറായി വ്യാജപ്പേരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസിൽ ഹരീഷിന്റെ കൂട്ടാളിയായ നിഖിൽ നാരായണനെ കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഹരീഷിനെതിരെ മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് എന്നിങ്ങനെ 44 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കാപ്പാ കേസ് നിലവിലുണ്ട്.
കഴിഞ്ഞ മാസം ചേരാനെല്ലൂർ ഇടയക്കുന്നം കപ്പേളക്ക് സമീപമുള്ള ദിയ ബേക്കറിയുടെ ഉടമസ്ഥനെയാണ് ഹരീഷും കൂട്ടാളിയും ചേർന്ന് ആക്രമിച്ചത്. ബേക്കറിക്ക് മുന്നിലുണ്ടായ വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നാരോപിച്ചായിരുന്നു മർദ്ദനം.