# വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സൗകര്യം എന്നിവയിലും മുന്നിൽ
കൊച്ചി: സ്ത്രീസുരക്ഷയിൽ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചിക്ക്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചെന്നൈയിലെ അവതാർ എന്ന സ്ഥാപനത്തിന്റെ 'ദ് ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ" റിപ്പോർട്ടിലാണ് ഇക്കാര്യം. ഒരുകോടിയിൽ താഴെ ജന സംഖ്യയുയുള്ള 64 നഗരങ്ങളുടെ പട്ടികയിൽ നിന്നാണ് കൊച്ചിയെ തിരഞ്ഞെടുത്തത്. നാലാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കും വെല്ലൂരിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. കോഴിക്കോടിനാണ് 11-ാം സ്ഥാനം. 2022ൽ ആദ്യ പഠനം നടത്തിയപ്പോൾ കൊച്ചിയും കോഴിക്കോടും പട്ടികയിൽ ഉണ്ടായിരുന്നില്ല.
കൂടുതൽ തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് കൊച്ചിയെ തിരഞ്ഞെടുത്തത്. ഒരുകോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതിൽ താഴെയുള്ള നഗരം എന്നിങ്ങനെ ആകെ 113 നഗരങ്ങളിലായിരുന്നു പഠനം.
വനിതകൾക്ക് വിദ്യാഭ്യാസവും വിവിധ മേഖലകളിൽ പരിശീലനവും അവതാർ നല്കുന്നുണ്ട്.
എന്തുകൊണ്ട് കൊച്ചി
1200 വനിതകളിൽ നിന്ന് അഭിപ്രായംതേടി. ഉയർന്ന ജീവിത നിലവാരം, വിദ്യാഭ്യാസ-താമസ സൗകര്യങ്ങൾ, ക്രഷുകൾ എന്നിവയുടെ നിലവാരം കൊച്ചിക്കു നേട്ടമായി.
സൗകര്യങ്ങൾ
സുരക്ഷിതമായ ഗതാഗത സംവിധാനങ്ങൾ കൊച്ചിയിലുണ്ടെന്ന് സർവേ പറയുന്നു. ലാസ്റ്റ് മൈൽ കണക്ടിവിറ്റി, നല്ല റോഡുകൾ, രാത്രികാല പട്രോളിംഗ് എന്നിവ ഉദാഹരണം. കുറ്റകൃത്യങ്ങൾ വളരെ വേഗം തെളിയിക്കുകയും നിയമസഹായങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. കുട്ടികളെയും മുതിർന്നവരെയും ഏല്പിച്ച് സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്ന ക്രഷുകൾ, പകൽ വീടുകൾ എന്നിവയും കൊച്ചിയുടെ പ്രത്യേകതയാണ്. സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് അകറ്റിനിറുത്തുന്നതടക്കമുള്ള നിലപാടുകൾ കൊച്ചിയിൽ കുറവാണെന്നും സർവേയിൽ പറയുന്നു.
ആദ്യ പത്ത് സ്ഥാനങ്ങൾ
( നഗരം, 100ൽ ലഭിച്ച സ്കോർ)
തിരുച്ചിറപ്പള്ളി- 40. 59
വെല്ലൂർ- 38.22
കൊച്ചി- 37.62
തിരുവനന്തപുരം- 37.46
ഷിംല- 37. 41
സേലം- 36. 69
ഈറോഡ്-36.02
തിരുപ്പൂർ- 36.01
ഗുരുഗ്രാം- 35.02
പോണ്ടിച്ചേരി-34.41
സ്ത്രീകളിൽ സംരംഭകത്വം വളർത്തുകയാണ് കൊച്ചി മുന്നോട്ട് വയ്ക്കുന്നത്. സമൃദ്ധി, ഷീ ലോഡ്ജ് എന്നിവ സ്ത്രീകൾക്കായാണ്. കൗൺസിലിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരിലും 50 ശതമാനം സ്ത്രീകളാണ്. മൂന്നാം സ്ഥാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇനി ഒന്നാംസ്ഥാനത്തേക്ക് എത്താനുള്ള ശ്രമങ്ങൾ തുടരും.
എം. അനിൽകുമാർ, മേയർ