pic

കൊച്ചി: പരിഹസിച്ച് തോൽ‌പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ലോകസുന്ദരിയായി വിലസുകയാണ് തീർത്ഥ സാർവിക. മിസ് യൂണിവേഴ്‌സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023ലെ കർവി യൂണിവേഴ്‌സ് ട്രാൻസ്‌പട്ടം നേടിയ ഈ 27കാരിക്ക് ഇനിയുമുണ്ട് രണ്ടു മോഹങ്ങൾ. സിനിമയിൽ നല്ലൊരു വേഷം ചെയ്യണം. ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം ഇംഗ്‌ളീഷിൽ എഴുതണം.

മലയാള സിനിമയിൽ ഒരിക്കൽ അവസരം ലഭിച്ചെങ്കിലും ബംഗളൂരുവിൽ പ്രമുഖ കമ്പനിയിലെ ജോലിത്തിരക്കുകാരണം പറ്റിയില്ല. എറണാകുളം തെക്കൻപറവൂർ സ്വദേശിയാണ് ട്രാൻസ് വുമണായ തീർത്ഥ. എൻജിനിയറിംഗിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമുണ്ട്. ഡൽഹിയിൽ ഡിസംബറിൽ നടന്ന മിസ് യൂണിവേഴ്സ് ട്രാൻസ് മത്സരത്തിൽ കർവി വിഭാഗത്തിൽ ബ്രസീൽ, കമ്പോഡിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ 10 രാജ്യങ്ങളിലെ 12പേരിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുവിജ്ഞാനം, പെരുമാറ്റം, പ്രോജക്ടുകൾ തയ്യാറാക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തി 4 ദിവസമായിരുന്നു മത്സരം.

പെണ്ണിലേക്കുള്ള മാറ്റം

സ്‌കൂൾ പഠനകാലത്തുതന്നെ പരിഹാസ വിളിപ്പേരുകൾ ലഭിച്ചു. പെണ്ണായി ജീവിക്കണമെന്ന മോഹം വീട്ടുകാരോട് പറഞ്ഞപ്പോൾ പ്രതികരണം രൂക്ഷമായിരുന്നു. വിഖ്യാത സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ദി അൽക്കെമിസ്റ്റ് എന്ന പുസ്തകമാണ് ആത്മവിശ്വാസം പകർന്നത്. എൻജിനിയറിംഗിന് പഠിക്കുമ്പോഴും ഒരുപാട് സഹിച്ചു. ഒടുവിൽ സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്ത് താമസമാക്കി. മെട്രോയിൽ ജോലികിട്ടി. വൈകാതെ ആദ്യഘട്ട ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. തുടർന്ന് മഹാരാജാസ് കോളേജിൽനിന്ന് ബിരുദമെടുത്തു. 2020ൽ രണ്ടാമത്തെ ശസ്ത്രക്രിയയോടെ മാറ്റം പൂർണമായി.