 
കൊച്ചി: ആദിത്യന്റെ ആഗ്രഹം സഫലമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരു ഡയറിയുമായി വീട്ടിലെത്തി. ഡയറിയെഴുതണമെന്ന് ടീച്ചർ പറഞ്ഞതിനാൽ 2024ലെ ഡയറി തരുമോയെന്നു ചോദിച്ച് വി.ഡി. സതീശന് കരുമാലൂർ ഗവ. എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കെ.എസ്. ആദിത്യൻ കത്തെഴുതിയിരുന്നു. സ്വന്തമായി വരച്ച ചില ചിത്രങ്ങളും പുതുവത്സരാശംസയും കത്തിനൊപ്പം ഉണ്ടായിരുന്നു.
കത്ത് ലഭിച്ച് പിറ്റേന്നു തന്നെ കുട്ടിയുടെ ആഗ്രഹം സതീശൻ സാധിച്ചുകൊടുത്തു. പ്രതിപക്ഷനേതാവ് ഡയറിയുമായി വീട്ടിലെത്തിയത് ഏറെ സന്തോഷം നല്കിയെന്ന് ആദിത്യന്റെ അച്ഛൻ ശ്രീരാജും അമ്മ ആതിരയും പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ റോസാപ്പൂ നല്കിയാണ് ആദിത്യൻ സ്വീകരിച്ചത്. ആശംസകൾ എഴുതിയ ഡയറിക്കൊപ്പം ഒരു പേനയും ആദിത്യന് സമ്മാനമായി നൽകി.