പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ വെങ്ങോല ജംഗ്ഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്നു. വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾക്കായി വെങ്ങോല പഞ്ചായത്ത് ഓഫീസിൽ എത്തുന്നവരും അടക്കം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
പഞ്ചായത്ത് ഓഫീസിനു പുറമെ എസ്.എൻ.ഡി.പി ശാഖ ഓഫീസ്, സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസ്, നാഷണൽ കോളേജ് ഒഫ് നഴ്സിംഗ് എന്നിവയെല്ലാം വെങ്ങോല ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്.
ജയ് ഭാരത് കോളേജ്, ശ്രീങ്കരവിദ്യാപീഠം കോളേജ് എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് നിരവധിപേർ യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകളും ഈ റൂട്ടിലൂടെ തുടർ സർവീസ് നടത്തുന്നു. വെങ്ങോലയിൽ നിന്ന് കിഴക്കോട്ട് മണ്ണൂരാണ്. പടിഞ്ഞാറോട്ട് പോഞ്ഞാശേരിയും വടക്കോട്ട് പെരുമ്പാവൂരും തെക്കോട്ട് കോലഞ്ചേരി പുത്തൻകുരിശുമാണ്. വീതികൂടിയ റോഡ് നിലവാരമുള്ളതിനാൽ നാലു ഭാഗത്തു നിന്നും വാഹനങ്ങൾ നല്ല വേഗത്തിലാണ് വരുന്നത്. എന്നാൽ തിരക്കേറിയ ഈ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളോ ദിശാ സൂചികയോ സ്ഥാപിച്ചിട്ടില്ല. അതിനാൽത്തന്നെ ഇടയ്ക്കിടെ ഇവിടെ അപകടങ്ങളും നടക്കുന്നു. ജംഗ്ഷനിലെ സ്റ്റോപ്പിൽ നിരവധിപേരാണ് ബസ് കാത്തു നിൽക്കുന്നത്. എന്നാൽ ബസ് സ്റ്റോപ്പിനോടു ചേർന്ന് പ്രാഥമിക സൗകര്യങ്ങളോ ശൗചാലയമോ ഇല്ല. സ്ത്രീ യാത്രികരാണ് ഇതുമൂലം ഏറെ വലയുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.