
കൊച്ചി: കുസാറ്റിൽ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പൊലീസ് പ്രതിചേർത്തു. മനപ്പൂർവമല്ലാത്ത നരഹത്യവകുപ്പ് ചുമത്തി.
മുൻ പ്രിൻസിപ്പൽ ഡോ. ദീപക്‌കുമാർ സാഹുവാണ് ഒന്നാംപ്രതി. ടെക്ഫെസ്റ്റ് കൺവീനർമാരും അദ്ധ്യാപകരുമായ ഡോ. ഗിരീഷ്‌കുമാർ തമ്പി, ഡോ. എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികൾ.
ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സംഘാടനത്തിലെ പിഴവും ക്യാമ്പസിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ അവഗണിച്ചതുമാണ് കുറ്റങ്ങൾ. രജിസ്ട്രാർ ഓഫീസിന്റെ വീഴ്ച പരിശോധിക്കുമെന്നും കൂടുതൽപേരെ പ്രതി ചേർത്തേക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഓഡിറ്റോറിയത്തിന്റെ പ്രശ്‌നങ്ങളും പരിശോധിക്കുന്നുണ്ട്.
സിൻഡിക്കേറ്റ് ഉപസമിതി പ്രിൻസിപ്പലിനെയും രജിസ്ട്രാർ ഓഫീസിനെയും കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് നല്കിയത്. നവംബർ 25നുണ്ടായ ദുരന്തത്തിൽ 64 പേർക്ക് പരിക്കുമേറ്റിരുന്നു. ഗായിക നിഖിതഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെ മഴ പെയ്തതോടെ തിക്കിലും തിരക്കിലും അപകടമുണ്ടാവുകയായിരുന്നു.