cial
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർ കാർഗോ കയറ്റിറക്ക് തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ആദ്യ ഓഹരി സർട്ടിഫിക്കറ്റ് മന്ത്രി പി. രാജീവ് കൈമാറുന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, എൻ.വി. ജോർജ്, വി. ജയരാജൻ, മനോജ് ജോസഫ് തുടങ്ങിയവർ സമീപം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കയറ്റിറക്ക് തൊഴിലിൽ ഏർപ്പെട്ടിരുന്നവർക്കായി വിമാനത്താവളത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച 'കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർ കാർഗോ കയറ്റിറക്ക് തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്'

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദീർഘകാലത്തെ സ്വപ്‌നമാണിതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാൻ വിമാനത്താവള കമ്പനി തീരുമാനിച്ചതോടെയാണ് കയറ്റിറക്ക് തൊഴിലാളി സഹകരണ സൊസൈറ്റി യാഥാർത്ഥ്യമായത്. വിമാനത്താവളത്തിൽ 2004- 05 മുതൽ എയർ കാർഗോ ഏജന്റുമാർക്കായി ചരക്കുകൾ കയറ്റിറക്ക് നടത്തിയിരുന്നത് 120 പേരാണ്. ഇവർക്ക് സാമൂഹ്യ സുരക്ഷയോ കൃത്യമായ സേവനവേതന വ്യവസ്ഥയോ ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നങ്ങൾക്ക് പരിഹരിക്കാൻ കാലങ്ങളായി ശ്രമിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് സഹകരണ സംഘം രൂപീകൃതമായത്. വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് അംഗവും സബ് കമ്മിറ്റി ചെയർമാനുമായ മന്ത്രി പി. രാജീവും വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടർ എസ്. സുഹാസുമാണ് മുൻകൈയ്യെടുത്തത്.
തൊഴിലാളികൾക്ക് ദിവസക്കൂലി എന്ന പഴയ വ്യവസ്ഥ പരിഷ്‌കരിച്ച് 15 ദിവസത്തിലൊരിക്കൽ ഒരുമിച്ച് വേതനമാക്കും. സൊസൈറ്റി ഡയറക്ടർ ബോർഡിൽ വിമാനത്താവള കമ്പനി പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സ്‌കീം ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കും.

എസ്. സുഹാസ് മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ എൻ.വി. ജോർജ്, ജില്ലാ സഹകരണ സൊസൈറ്റീസ് ഡെപ്യൂട്ടി രജിസ്ട്രാർ സുജിത് കരുൺ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ, സൊസൈറ്റി പ്രസിഡന്റും വിമാനത്താവള കമ്പനി പ്രതിനിധിയുമായ മനോജ് പി. ജോസഫ്, സൊസൈറ്റി ബോർഡ് അംഗം ഇ.കെ. സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.