രാമമംഗലം: 2018 ലെ മഹാപ്രളയത്തിൽ തകർന്ന തമ്മാനിമറ്റം തൂക്കുപാലം യാഥാർത്ഥ്യമാകാൻ വൈകുന്നതിൽ പ്രദേശവാസികൾ ആശങ്കയിൽ. റീബിൽഡ് കേരള പദ്ധതിയിൽ 5.37 കോടി ചെലവിട്ട് പാലം പുനർനിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പാലം നിർമ്മാണത്തിന്റെ

പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും ആറു മാസങ്ങൾക്കു അറിയിപ്പുംവന്നു. എന്നാൽ പാലം നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിടത്ത് തന്നെയാണ്.

പാലം നിർമ്മാണത്തിന് നേരത്തെ 2.16 കോടി രൂപ അനുവദിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വീണ്ടും തുക അനുവദിച്ചതായി പറയുന്നു. പാലത്തിന്റെ തൂൺ നിർമ്മിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയ്ക്കായി ഏതാനും ഉദ്യോഗസ്ഥർ എത്തിയത് ഒഴിച്ചാൽ മറ്റൊരു നടപടിയുമുണ്ടായിട്ടില്ല. 2013ലാണ് രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തമ്മാനിമ​റ്റം കടവിൽ പാലം പൂർത്തിയായത് . തൊട്ടടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂ​റ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്. തുടർന്ന് പാലം നിർമ്മിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് സഞ്ചാരയോഗ്യമാക്കി. എന്നാൽ 2018 ലെ മഹാപ്രളയത്തിൽ പാലത്തിന്റെ തമ്മാനിമ​റ്റം കരയിലെ തൂണ് തകർന്ന് തൂക്കുപാലം ഛിന്നഭിന്നമായി. പാലം വഴി കാൽനടയായി രാമമംഗലത്ത് എത്താൻ മിനി​റ്റുകൾ മാത്രമേ വേണ്ടിയിരുന്നുള്ളു. പാലമില്ലാതായതോടെ യാത്രക്കാർ കിലോമീ​റ്ററുകൾ ചു​റ്റിയാണ് രാമമംഗലത്ത് എത്തുന്നത്. ഇവിടെ നേരത്തെ കടത്തുണ്ടായിരുന്നു. പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പ് കടത്തു സർവീസ് നിർത്തി. ഇപ്പോൾ കടത്തുമില്ല പാലവുമില്ല എന്ന സ്ഥിതിയാണ്. ഇതോടെ ഏത് ആവശ്യത്തിനും കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.

പാലവും കടത്തുമില്ലാതെ വലയുകയാണ് ഇരുകരകളിലേയും സാധാരണക്കാർ. പാലം നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം

ജോസ് കുര്യൻ

പ്രദേശവാസി