ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് വെളിയത്തുനാട് മില്ലുപടി വലയോടം റോഡ് നന്നാക്കാത്തതിൽ പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം. 10,11 വാർഡുകളിലെ മെമ്പർമാരായ മെഹജൂബ്, മോഹൻ കുമാർ എന്നിവരാണ് റോഡിലെ കുഴിയിൽ കെട്ടിയ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്.
റോഡ് നന്നാക്കാത്ത അധികാരികളുടെ കണ്ണുതുറപ്പിക്കാനാണ് സമരമെന്ന് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പറഞ്ഞു.
10,11 വാർഡുകളിൽ ഉൾപ്പെടുന്നതാണ് വയലോടത്തു നിന്ന് മില്ലുപടിയിലേക്കുള്ള ഈ പ്രധാന റോഡ്. റോഡ് പൊപ്പൊളിഞ്ഞിട്ട് രണ്ടുവർഷത്തോളമായി. ഇരുവശങ്ങളും തകർന്ന നിലയിലാണ്. മഴപെയ്‌തോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. വാർഡ് മെമ്പർമാർ സമീപിച്ചതിനെ തുടർന്ന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എം.എൽ.എ പണം അനുവദിച്ചിരുന്നു. എന്നാൽ റോഡ് പണി ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല. പ്രാദേശികവികസന ഫണ്ടിൽ നിർമ്മാണം നടത്തിയാൽ അടുത്തകാലത്തൊന്നും ബിൽ മാറിക്കിട്ടില്ലെന്നാണ് കരാറുകാരുടെ നിലപാട്. റോഡ് പുനർനിർമ്മിക്കാനുള്ള തുകയ്ക്കായി മന്ത്രിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതാണ് പഞ്ചായത്ത് അംഗങ്ങളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.