പെരുമ്പാവൂർ: സാമ്പത്തിക പരാധീനതമൂലം
പെരുമ്പാവൂർ ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിലെ ബസ് സർവീസ് പ്രതിസന്ധിയിൽ. ഇന്നസെന്റ് എം.പിയായിരുന്ന കാലത്താണ് സ്‌കൂളിന് ബസ് അനുവദിച്ചത്.
സ്കൂൾ ബസ് സർവീസിന് ഡീസൽ, ശമ്പളം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 40,000 രൂപയോളം ചെലവുവരുമെന്നാണ് കണക്ക്. വർഷാവസാനം ഇൻഷ്വറൻസ്, പെർമിറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ടാക്‌സ് എന്നിവയ്ക്കായുള്ള തുകയും കണ്ടെത്തണം. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചാണ് പി.ടി.എ കമ്മിറ്റി ബസ് സർവീസ് മുന്നോട്ടുകൊണ്ടുപോകുന്നത്. സാധാരണക്കാരായ കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ബസില്ലാത്ത സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷകർത്താക്കൾ വിമുഖത കാട്ടുന്നുണ്ട്. അതിനാൽ ബസ് സർവീസ് നിറുത്തിവയ്ക്കാനും സാധിക്കില്ല. ഈ വിവരങ്ങൾ കാണിച്ച് എം.പി, എം.എൽ.എ എന്നിവർക്ക് പരാതി നൽകിയെങ്കിലും ആസ്തി വികസന ഫണ്ടിൽ നിന്നും ഇത്തരം കാര്യങ്ങൾക്ക് പണം വിനിയോഗിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. നിലവിൽ ബസ് സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് പി.ടി.എ പ്രസിഡന്റ് വി.എ. പ്രേംനസീർ പറഞ്ഞു.