കൊച്ചി: വർഷങ്ങൾക്ക് മുൻപ് സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ഓർമ്മളുമായാണ് അകകണ്ണുകൊണ്ട് കലോത്സവം കാണാൻ സുഗുണൻ മാഷ് എത്തിയത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ട മാഷ് കൂടിയാട്ട വേദിയിലെത്തി മത്സരം 'കേട്ടിരുന്നു'. ഉൾക്കണ്ണിലത് കണ്ടു.. വേദിയിലെത്തിയ മാഷിനെ കൈപിടിച്ച് സദസിലേക്കിരുത്താൻ വേഷമിട്ട കുട്ടികളെത്തിയതും ഹൃദയഹാരിയായ കാഴ്ചയായി.

ചവറ ജി.എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപകനായ മാഷ് പഠിപ്പിച്ച കുട്ടികൾ ഇത്തവണത്തെ കലോത്സവത്തിൽ ഭരതനാട്യത്തിലും മോഹിയാട്ടത്തിലും കേരളനടനത്തിലുമെല്ലാം പങ്കെടുത്തിരുന്നു. ആ വേദികളിലെല്ലാം മാഷിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. സ്‌കൂൾ പഠന കാലത്ത് സംസ്ഥാന കലോത്സവത്തിലും ഉപരിപഠന കാലത്ത് യൂണിവേവ്‌സിറ്റി കലോത്സവത്തിലുമെല്ലാം പങ്കെടുത്ത ഓർമ്മകളാണ് ആ മനസിനെ കലോത്സവ നഗരത്തിലെത്തിച്ചത്.

യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തനിക്ക് തബല വാദനത്തിനു കിട്ടിയ മൂന്നാം സ്ഥാനത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിജയിച്ചതും സുഹൃത്തുക്കൾ എടുത്തിയർത്തി ആവേശം പങ്കിട്ടതുമെല്ലാം പറയുമ്പോൾ ആ മുഖത്ത് പോയകതാലത്തെ സന്തോഷം വീണ്ടും അലതല്ലുന്നുണ്ടായിരുന്നു. ഗായികയായ ജയലക്ഷ്മിയാണ് ഭാര്യ. ഒൻപതാംക്ലാസ് വിദ്യാർത്ഥി കൃഷ്ണപ്രസാദ് മകനും.