ചെറായി: സർക്കാർ രേഖകളിൽ സമുദായത്തെ അടയാളപ്പെടുത്തുന്നതിന് പകരം ജാതികോളം സൃഷ്ടിക്കുന്ന പമ്പരവിഡ്ഢിത്തം അവസാനിപ്പിക്കണമെന്ന് ഭരണഘടനാ വിദഗ്ദ്ധനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ ഡോ.ജി.മോഹൻഗോപാൽ പറഞ്ഞു. വർണാശ്രമ അധർമ്മത്തിനെതിരെ ശ്രീനാരായണ മാനവധർമം സഹോദരൻ സ്മാരകത്തിൽ സംഘടിപ്പിച്ച രണ്ടാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെല്ലാം ഒരൊറ്റ ജാതിയാണെന്ന യാഥാർത്ഥ്യം ഇനിയും അംഗീകരിക്കാത്ത ഏക വിഭാഗം ബ്രാഹ്മണ്യമാണ്. വികലവും നിക്ഷിപ്ത താത്പര്യപ്രകാരവുമാണ് മനുഷ്യനെ വർണ ജാതി ശ്രേണികളായി തിരിച്ചത്. ആധുനിക സമൂഹം പുച്ഛത്തോടെ മാത്രം കാണുന്ന ഈ രീതിയെ പ്രോത്സാഹിപ്പിക്കാനുള്ള ബാദ്ധ്യത കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കില്ല. ഗുരുദർശനത്തിന്റെ അന്ത:സത്ത ഒട്ടും ചോർന്ന് പോകാതെ വ്യക്തമാക്കുന്ന ഗുരുദേവനും സി.വി.കുഞ്ഞുരാമനും തമ്മിലുള്ള അഭിമുഖം വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
വർണം, ജാതി, സമുദായം എന്നതിനെ അധികരിച്ച് നടന്ന കൺവെൻഷനിൽ വി.ആർ.ജോഷി അദ്ധ്യക്ഷനായി. ഡോ.ടി.എസ്. ശ്യാംകുമാർ, ഡോ.അമൽ സി.രാജൻ, സുദേഷ് എം.രഘു, ഡോ. ആദർശ, ബാബുരാജ് ഭഗവതി, ഡോ.നീരദ്, പി.കെ.സുധീഷ് ബാബു, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സാഹോദര്യ പ്രസ്ഥാനം, മാള ഗുരുധർമ്മം ട്രസ്റ്റ്, ശ്രീനാരായണ ദർശനവേദി, അംബേദ്കർ പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൺവെൻഷനിൽ അഡ്വ.ടി.ആർ. രാജേഷ് മാനവധർമം ട്രസ്റ്റിന്റെ രൂപരേഖ അവതരിപ്പിച്ചു. മാള ഗുരുധർമ്മം ട്രസ്റ്റ് സംഘടിപ്പിച്ച ജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം മോഹൻ ഗോപാൽ നിർവഹിച്ചു. പി.കെ.സാബു ഏറ്റുവാങ്ങി. സർക്കാർ രേഖകളിൽനിന്ന് ജാതി എന്നതൊഴിവാക്കി സമുദായം എന്നാക്കണമെന്ന പ്രമേയം പാസാക്കി. ശ്രീനാരായണമാനവധർമ പ്രചാരകനും സിനിമാ പ്രവർത്തകനുമായ പ്രശാന്ത് ഈഴവനെ ആദരിച്ചു.