
കൊല്ലം: മലയോരമണ്ണിൽ നിന്ന് കഥ പറയാൻ വണ്ടികയറിയ നിസ മറിയം സാജനും സംഘവും മത്സരം കഴിഞ്ഞ് നേരെ പോയത് കഥാപ്രസംഗ കുലപതി സാംബശിവന്റെ ഓർമ്മകളുറങ്ങുന്ന അമ്മിച്ചിവീട് ജംഗ്ഷന് സമീപത്തെ വീട്ടുമുറ്റത്ത്.
കുട്ടിക്കലാകാരന്മാരെ കേൾക്കാൻ സാംബശിവന്റെ മക്കളായ പ്രൊഫ. വസന്തകുമാർ സാംബശിവനും ഡോ. ജിനരാജും. ആദ്യമായി സംസ്ഥാന കലോത്സവത്തിനെത്തിയ കുട്ടികൾ സാംബശിവന്റെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞ അന്തരീക്ഷത്തിൽ ചെറുപകപ്പോടെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ പിന്തുണയുമായി വസന്തകുമാർ സാംബശിവനും ഒപ്പം ചേർന്നു.
''മാന്യപ്രേക്ഷകർക്ക് വന്ദനം. കഥാപ്രസംഗ കുലപതി സാംബശിവന്റെ വീടിന് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്ന കഥ ജീവന്റെ ഉറവ തേടി. കഥാതന്തു- അംബിക സുതൻ മങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥ. പിന്നണിയിൽ വാദ്യങ്ങൾ മുഴങ്ങി. മനുഷ്യനെയും പ്രകൃതിയെയും കൂട്ടിയിണക്കിയുള്ള കഥപറഞ്ഞു തീരുമ്പോഴേയ്ക്കും മുഴങ്ങിയ കൈയടിക്ക് വേദിയിൽ കിട്ടിയ എ പ്ളസിനേക്കാൾ മധുരമുണ്ടെന്ന് തോന്നി.
ഇടുക്കി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണിവർ. രണ്ട് മത്സ്യങ്ങൾ എന്ന കഥ ജീവന്റെ ഉറവയെന്നാക്കി കഥാപ്രസംഗമായി ചിട്ടപ്പെടുത്തിയത് നിസയുടെ അമ്മയും അദ്ധ്യാപികയുമായ റോസമ്മ സെബാസ്റ്റ്യൻ. നിസയ്‌ക്കൊപ്പമുള്ള എലിസബത്തിനും മെറിനും പവിത്രക്കും കാതറിനുമെല്ലാം കഥാപ്രസംഗ രംഗത്തെ സജീവ സാന്നിദ്ധ്യമായ വസന്തകുമാർ നിർദേശങ്ങളും നൽകി.
വേദിയിലിരുന്ന് ഇവരുടെ കഥ കേട്ടെന്നുകൂടി പറഞ്ഞതോടെ കുട്ടികൾ ഹാപ്പി. പിന്നാലെ ദൈവം സത്യമറിയുന്നു എന്ന തന്റെ പുതിയ കഥ കുട്ടികൾക്കായി പറഞ്ഞും പാടിയും അദ്ദേഹം അവർക്കൊപ്പം ചേർന്നു. ഒടുവിൽ കഥാപ്രസംഗ കുലപതിയുടെ സ്മരണകളോടെ നിറഞ്ഞ മനസോടെയാണ് അവരവിടം വിട്ടത്.