
കൊല്ലം: ഒരുമിച്ച് കച്ചേരികൾക്ക് പോകുമ്പോഴുള്ളതിന്റെ ഇരട്ടി സന്തോഷത്തിലായിരുന്നു സഹോദരൻമാരായ ഭരത് നാരായണനും ദേവനാരായണനും. ഹയർസെക്കൻഡറി വിഭാഗം വയലിൻ മത്സരത്തിൽ ഭരത് നാരായണനും ഹൈസ്‌കൂൾ വിഭാഗത്തിൽ ദേവനാരായണനും എ ഗ്രേഡുമായാണ് മടങ്ങിയത്.
മുൻപും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട് ഭരത്. ദേവനാരായണന്റെ ആദ്യ സംസ്ഥാന കലോത്സവമായിരുന്നു ഇത്. ഇവരുടെ മൂത്ത സഹോദരൻ ഗൗതം നാരായണനും മുൻപ് കലോത്സവ വേദികളെ വയലിൻ തന്ത്രികളാൽ തോട്ടുണർത്തിയിട്ടുണ്ട്.
ഒൻപതാം വയസിലാണ് ഇരുവരും വയലിൻ പഠിച്ചു തുടങ്ങിയത്. സുനിത ഹരിശങ്കറും വി.വി.എസ്. മുരാരിയുമാണ് ഗുരുക്കന്മാർ. മക്കൾ മൂവരും ചേർന്ന് വയലിൻ കച്ചേരി ഒരുക്കുന്നതും ഒരുമിച്ച് മത്സരിക്കുന്നതുമെല്ലാം മനംനിറയ്ക്കുമെന്ന് അച്ഛൻ അഡ്വ. നാരായണൻകുട്ടിയും അമ്മ സ്മിത ലക്ഷ്മിയും പറയുന്നു.