
കൊച്ചി: വിൽപ്പനയിൽ മികച്ച നേട്ടം കുറിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. കഴിഞ്ഞ വർഷം 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 ഡിസംബറിൽ മാത്രം 3,17,123 യൂണിറ്റുകൾ വിറ്റു. ഇതിൽ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വില്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടും. ഈ മാസത്തെ ആഭ്യന്തര വില്പന 2022 ഡിസംബറിനേക്കാൾ 23 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82ശതമാനം വർധിച്ചു.
ആക്ടീവ എച്ച്.സ്മാർട്ട്, ഷൈൻ 100, പുതിയ എസ്പി160, ഡിയോ 125 മോഡലുകൾ പോയ വർഷം എച്ച്എംഎസ്ഐ വിപണിയിലിറക്കി. റെഡ് വിംഗ്, ബിഗ് വിംഗ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷൻ ഉൾപ്പെടെ നിരവധി സ്പെഷ്യൽ പതിപ്പുകളും, ഒ.ബി.ഡി2 മാനദണ്ഡങ്ങൾ പാലിക്കുന്ന നിരവധി മോഡലുകളും കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ചു. 25ലേറെ നഗരങ്ങളിൽ പുതിയ ബിഗ് വിംഗ് ഷോറൂമുകൾ തുറന്നു.
ആക്ടീവ ഉടമസ്ഥരുടെ എണ്ണം രണ്ട് കോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയിൽ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്സ്റ്റൻഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും നേട്ടങ്ങളായി.