
കൊച്ചി: സമഗ്രമായ ഇവി അന്തരീക്ഷം ഉപഭോക്താക്കൾക്കായി സൃഷ്ടിക്കാൻ ഓഡി ഇന്ത്യ മുംബൈയിൽ ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് ഇട്രോൺ ഹബ് ആരംഭിച്ചു. ചാർജ്‌സോണുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചിട്ടുളള ഈ അൾട്രാഫാസ്റ്റ് ചാർജറിന് 450 കിലോവാട്ട് ശേഷിയാണുള്ളത്. വൈദ്യുത വാഹനത്തിന് 360 കിലോവാട്ട് പവർ ലഭ്യമാക്കും. ഉയർന്ന പ്രവർത്തനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് 500 ആംപ്‌സ് ലിക്വിഡ്കൂൾഡ് ഗണ്ണും സജ്ജമാക്കിയിട്ടുണ്ട്. സുസ്ഥിരതയോടുള്ള ഓഡിയുടെ മുൻഗണനയ്ക്ക് അനുസൃതമായി ഹരിത ഊർജമാണ് ഇട്രോൺ ഹബ്ബിൽ ഉപയോഗിക്കുന്നത്. ഇട്രോൺ ഹബ്ബിന്റെ ലൈറ്റിംഗ് ഉൾപ്പടെയുള്ള വൈദ്യുത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സോളാർ റൂഫും പ്രവർത്തിക്കുന്നു.
2021 ൽ അഞ്ച് ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ഓഡി ഇന്ത്യ നിലവിൽ ആഡംബര ഇ.വികളുടെ ഏറ്റവും വിപുലമായ ഉത്പന്ന ശ്രേണിയുള്ള കമ്പനിയാണ്. ഓഡി ക്യു8 50 ഇട്രോൺ, ഓഡി ക്യു8 55 ഇട്രോൺ, ഓഡി ക്യു8 സ്‌പോർട്ട്ബാക്ക് 50 ഇട്രോൺ, ഓഡി ക്യു8 സ്‌പോർട്ട്ബാക്ക് 55 ഇട്രോൺ, ഓഡി ഇട്രോൺ ജിടി, ഓഡി ആർ എസ് ഇട്രോൺ ജിടി എന്നീ ആറു കാറുകൾക്കും ഉപഭോക്താക്കളിൽ നിന്ന് അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. ഈ കാറുകളോടുളള ഉപഭോക്താക്കളുടെ സുസ്ഥിരമായ താത്പര്യം ഇപ്പോഴും തുടരുകയാണ്.
ഒറ്റ ആപ്പ് വഴി വിവിധ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പാർട്ട്ണർമാരിലേക്ക് ഓഡി ഇട്രോൺ ഉപഭോക്താക്കൾക്ക് ആക്‌സസ് ലഭിക്കുന്ന മൈ ഓഡി കണക്ട് ആപ്പിൽ ചാർജ് മൈ ഓഡി സംവിധാനം ഈ വർഷമാദ്യം അവതരിപ്പിച്ചിരുന്നു.