 
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരറോഡ് വികസനം അനിശ്ചിതത്വത്തിലായതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി . കരാർ കലാവധികഴിഞ്ഞന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങിയതാണ് റോഡ് വികസനത്തെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നഗരറോഡ് വികസനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ഏപ്രിലിൽ പൊതുമാരമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് നിർവഹിച്ചത്.ഒരു വർഷമായിരുന്നു കാലാവധി. പക്ഷെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഡിസംബറിൽ കരാർ കാലാവധി അവസാനിക്കുകയുംചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ളകാര്യങ്ങളിൽ വന്ന കാലതാമസം, വൈദ്യുതി പോസ്റ്റുകളും മറ്റുംസ്ഥാപിക്കുന്നതിന് ആവശ്യമായസ്ഥലങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് എന്നിവയാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമായത്. ഇതിനു പുറമെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും പ്രശ്നമായി.
നിലവിൽ അരമനപടി മുതൽ കച്ചേരിത്താഴംവരെയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതും , നാലോളം ഇലക്ട്രിക്പോസ്റ്റുകൾ മാറ്റിയതുമല്ലാതെ മറ്റൊരു ജോലിയും നടന്നിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ നീളുകയും ഗതാഗതക്കുരുക്കുകൾ രൂക്ഷമാകുകയും ചെയ്യുമ്പോൾ പ്രതിഷേ ധം ഉയരും. തുടർന്ന് ഉന്നതതല സംഘം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ തുടർ നടപടികളും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് കെ .ആർ .എഫ് .ബി , കിഫ്‌ബി, കെ.എസ്.ഇ . ബി ഉദ്യോഗസ്‌ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനടക്കം ചില സ്ഥലങ്ങൾ രേഖപ്പെടുത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
നഗരറോഡ് വികസനം
നഗരത്തിലെ പി.ഒ ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ടു കിലോമീറ്റർദൂരത്തിൽ നാലുവരിപാതയായി വിഭാവനംചെയ്തതാണ് നഗരറോഡ് വികസനം . ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി വിതരണം നടത്തുന്നതടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ നിർമാണം നടത്താനായിരുന്നു തീരുമാനം . കെ .എസ്. ടി. പി യുടെ അങ്കമാലി തിരുവനന്തപുരം എം.സി റോഡ് വികസനവുമായി ബന്ധപെട്ട് 18 വർഷം മുമ്പ് വിഭാവനം ചെയ്തതാണ് പദ്ധതി.
................................
യാത്രാ ദുരിതം കൊണ്ട് വലഞ്ഞു. ഇനിയും എന്നാണ് റോഡ് നിർമ്മാണം പൂർത്തിയാകുന്നത്.
യാത്രക്കാർ