അങ്കമാലി: വാളയാറിലും വണ്ടിപ്പെരിയാറിലും പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജ്യോതി പ്രയാണത്തിന് അങ്കമാലിയിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരിത ബാബു, വി.കെ.ഷിബീന, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ എന്നീ നേതാക്കളാണ് വാളയാറിൽ നിന്ന് വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയ്ക്ക് നേതൃത്വം കൊടുക്കുന്നത്. അങ്കമാലി ടൗണിൽ നൽകിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ മാത്യു തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ, ഡി.സി.സി സെക്രട്ടറിമാരായ പി.വി. സജീവൻ, മനോജ് മുല്ലശേരി തുടങ്ങിയവർ പങ്കെടുത്തു.