a

കൊല്ലം: ട്രിപ്പിൾ ജാസിൽ എ ഗ്രേഡോടെ കലോത്സവ വേദിയിൽ നിന്ന് മടങ്ങുമ്പോൾ പ്ലസ് വൺ വിദ്യാർത്ഥി ആശി​ഷി​ന്റെ മനസ് ആഹ്ലാദത്തിലായിരുന്നില്ല. വിജയം കാണാൻ ഗുരുനാഥനില്ലെന്നതാണ് നൊമ്പരപ്പെടുത്തിയത്.

കലോത്സവം മുന്നിൽ കണ്ടാണ് ആശിഷ്.പി.ബിജുവെന്ന തിരുവനന്തപുരത്തുകാരനും ഗുരുനാഥൻ ജയപ്രകാശും ട്രിപ്പിൾ ജാസിൽ തയ്യാറെടുപ്പ് നടത്തിയത്. നാലുമാസം മുമ്പ് വിധി അപ്രതീക്ഷിതമായി ജയപ്രകാശിന്റെ ജീവൻ കവർന്നു. ഉള്ളുലഞ്ഞെങ്കിലും അവന്റെ മനസിന് മാതാപിതാക്കൾ കരുത്തായി. ഇത്തവണ ജയിക്കണം, അത് ഗുരുവിനുള്ള ദക്ഷിണയാണ്. എട്ട് വർഷത്തോളം ജാസിന്റെ ആദ്യതാളം മുതൽ ഒപ്പമുണ്ടായിരുന്ന ജയപ്രകാശ് മാഷിനെ സ്മരിച്ചാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ എ ഗ്രേഡ്. ആശിഷിന്റെ അച്ഛൻ ലിജു പൊലീസ് ഉദ്യോഗസ്ഥനാണ്. അമ്മ പ്രിയ അദ്ധ്യാപികയും. അനുജൻ അനുഗ്രഹ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.