ആലുവ: കളമശേരി നിയോജക മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഇതുസംബന്ധിച്ച് സമയക്രമം നിശ്ചയിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം മുടങ്ങാൻ സാദ്ധ്യതയുള്ള വിവിധ പഞ്ചായത്തുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കും. ആലങ്ങാട് പഞ്ചായത്തിൽ യു.സി പൈപ്പ് ലൈൻ, ആലങ്ങാട് പൈപ്പ് ലൈൻ, മാഞ്ഞാലി പൈപ്പ് ലൈൻ എന്നിവിടങ്ങളിൽ പ്രവൃത്തികൾ ആരംഭിക്കുന്നതനുസരിച്ച് ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും. ഈ സാഹചര്യത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കും.
യു.സി - എടയാർ റോഡിലെ 950 മീറ്ററിൽ പൈപ്പിടൽ വേഗത്തിലാക്കി 25നകം പൂർത്തീകരിച്ച് റോഡ് പി.ഡബ്ളിയു.ഡിക്ക് കൈമാറണം. റോഡിന്റെ അറ്റകുറ്റപ്പണികൾ പി.ഡബ്ളിയു.ഡി ഫെബ്രുവരിയിൽ ആരംഭിക്കും.
മുപ്പത്തടത്തെ ട്രീറ്റ്‌മെന്റ്പ്ലാന്റിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായും കുടിവെള്ളം മുടങ്ങും. ഇവിടങ്ങളിലും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കും. ജനുവരി 15നകം പൈപ്പ് ലൈനുകളിലെ കുടിവെള്ള വിതരണം നിർത്തിവെച്ചുള്ള പ്രവൃത്തികൾ തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് കുടിവെള്ള വിതരണം നിർത്തിക്കുക.
കരുമാലൂർ,കുന്നുകര പഞ്ചായത്തുകളിലെ പ്രവൃത്തികൾക്ക് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീടെഡർ നടപടികൾ പൂർത്തിയാക്കി 20നകം ടെൻഡർ തുറക്കും. കുന്നുകര പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തതും ടൈൽ ചെയ്തതുമായ റോഡുകളിലും പൈപ്പിടൽ ആരംഭിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കുന്നുകര കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും തീരുമാനിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ സജീവ് രത്നാകരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ഷഫീഖ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.