കൊച്ചി: വിശ്വാസപരവും ഭരണപരവുമായ പ്രതിസന്ധി നേരിടുന്ന സിറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള സിനഡ് യോഗം ഇന്നലെ ആരംഭിച്ചു. സഭാ ആസ്ഥാനമായ കാക്കനട് മൗണ്ട് സെന്റ് തോമസിൽ 13 വരെ യോഗം തുടരുമെങ്കിലും മൂന്നു ദിവസത്തിനകം തിരഞ്ഞെടുപ്പുണ്ടാകും.

65 ബിഷപ്പുമാരിൽ 53 പേർക്കാണ് വോട്ടവകാശം. രഹസ്യബാലറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ബിഷപ്പ് വിജയിക്കും. ആദ്യവട്ടത്തിൽ മൂന്നിൽ രണ്ട് ആർക്കും ലഭിച്ചില്ലെങ്കിൽ വോട്ടെടുപ്പ് ആവർത്തിക്കും. ഒൗദ്യോഗികപ്രഖ്യാപനം കൊച്ചി, വത്തിക്കാൻ എന്നിവിടങ്ങളിൽ ഒരേസമയം നടത്തും. തിരഞ്ഞെടുപ്പ് നടപടികൾക്ക് സഭാ അഡ്മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകും.

കർദ്ദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏകീകൃത കുർബാന പൂർണമായി നടപ്പാക്കാൻ കഴിയാത്തതിന്റെയും എറണാകുളം അതിരൂപതയിലെ സ്ഥലമിടപാട് വിവാദത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ആലഞ്ചേരിയുടെ രാജി.

ഏകീകൃത കുർബാനയെച്ചൊല്ലി വിശ്വാസികൾ ചേരിതിരിഞ്ഞു. അതിരൂപതാ ആസ്ഥാന ദേവാലയം സംഘർഷം മൂലം രണ്ടുവർഷമായി അടഞ്ഞുകിടക്കുന്നു. ജനാഭിമുഖ കുർബാനയ്ക്കായി അൽമായ മുന്നേറ്റവും വൈദിക സമിതിയും, ഏകീകൃത കുർബാനയ്ക്കായി സംയുക്ത സഭാ സംരക്ഷണ സമിതിയും ചേരിപ്പോര് തുടരുന്ന സാഹചര്യത്തിൽ മേജർ ആർച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് നിർണായകമാകും.

പരിഗണിക്കപ്പെടുന്നവർ

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് (തൃശൂർ രൂപത)

ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി (തലശേരി രൂപത)

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത)

അൽമായ മുന്നേറ്റത്തിന്റെ ആവശ്യങ്ങൾ

ആരോപണങ്ങൾക്ക് അതീതനാകണം

സഭാപ്രശ്‌നങ്ങൾ നീതിപൂർവം പരിഹരിക്കണം
വിശ്വാസികളെ കേൾക്കാൻ എളിമയുണ്ടാകണം
എല്ലാവരെയും ഒരുമിപ്പിക്കാൻ പ്രാപ്തിയുണ്ടാകണം
സഭയുടെ ധാർമ്മികത വീണ്ടെടുക്കാൻ കഴിവുണ്ടാകണം

സഭാ സംരക്ഷണ സമിതിയുടെ ആവശ്യങ്ങൾ

ജനാഭിമുഖ കുർബാനയ്ക്ക് ചർച്ചയോ കമ്മിഷനോ പാടില്ല

ഏകീകൃത കുർബാന നടപ്പാക്കണം

വിമതവൈദികർക്കെതിരെ നടപടി സ്വീകരിക്കണം