മൂവാറ്റുപുഴ: ജനകീയ ആസൂത്രണ പ്രകാരം മൂവാറ്റുപുഴ നഗരസഭയുടെ മൂന്നാം വാർഷിക പദ്ധതിയിൽപ്പെടുത്തി പതിനൊന്ന് കോടി എൺപത് ലക്ഷത്തി അറുപതിനായിരം രൂപയുടെ പ്രവൃത്തികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പ്രമീള ഗിരീഷ് കുമാർ, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ, പ്രതപക്ഷ നേതാവ് ആർ. രാകേഷ്, മുനിസിപ്പൽ കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസന ഫണ്ട് സാധാരണ വിഹിതം 2,240,0,000, പട്ടികജാതി ഉപപദ്ധതി 79,14,000, പട്ടികവർഗ ഉപപദ്ധതി 79,1,000, റോഡ് മെയിന്റനൻസ് 1,86,74,000, റോഡ് ഇതരം 3,66,44,000, വയോധിക വിശ്രമ കേന്ദ്രം നിർമ്മാണം 1,00,00,000 എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ഈ സാമ്പത്തിക വർഷം ആധുനിക സൗകര്യങ്ങളോടെ ഹാപ്പിനസ് പാർക്ക് ഒരുക്കും. വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ജിംനേഷ്യം സ്ഥാപിക്കും. ഭവന നിർമ്മാണത്തിന് 5,00,0000 രൂപ നീക്കിവച്ചു. നഗരസഭയിൽ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കും. ഇവർക്ക് ആവശ്യമായ പരിശീലനം സൗജന്യമായി ലഭ്യമാക്കും. ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും. ക്ഷീര കർഷകക്ഷേമം ഉറപ്പുവരുത്തുന്നതിന് ക്ഷീരോത്പാദക സഹകരണ സംഘം രൂപീകരിക്കും. വിനോദ സഞ്ചാര വികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. താലൂക്ക് ആശുപത്രിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ അധിക തുകയായി 27 ലക്ഷം വകയിരുത്തി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.