കൊച്ചി: നൽകിയ പണം തിരികെ കിട്ടാതെ മുറി ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന യുവതിക്കുനേരേ ടൂറിസ്റ്റ് ഹോം ഉടമയുടെ ക്രൂരമർദനം. എറണാകുളം എളമക്കര സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ബെൻ ടൂറിസ്റ്റ് ഹോം ഉടൻ ബെൻ ജോയ് (38), ജീവനക്കാരനായ തൊടുപുഴ സ്വദേശി ഷൈജു (44) എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: 24കാരിയായ യുവതിയും എട്ട് സുഹൃത്തുക്കളും ചേർന്ന് ഞായറാഴ്ച രാത്രി ബെൻ ടൂറിസ്റ്റ് ഹോമിൽ രണ്ട് മുറിയെടുത്തു. പത്തരയോടെ ഇവർ ഒരുമുറിയിൽ ഒന്നിച്ചുകൂടി. കൂട്ടുകാർ മദ്യപിച്ച് ബഹളം വച്ചതോടെ ടൂറിസ്റ്റ് ഹോം ഉടമ ഇടപെട്ടു. ഇങ്ങനെ തുടരാനാകില്ലെന്നും മുറി ഒഴിയണമെന്നും ആവശ്യപ്പെട്ടു. നൽകിയ തുക തന്നാൽ മുറി ഒഴിയാമെന്ന് യുവതി പറഞ്ഞെങ്കിലും ബെൻ ജോയ് തയ്യാറായില്ല. ഇത് വാക്കുതർക്കത്തിൽ കലാശിച്ചു. തർക്കം രൂക്ഷമായതോടെ യുവതിയെ ഹോട്ടലുടമ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടുക്കാൻ ശ്രമിച്ച യുവതിയുടെ സുഹൃത്തുക്കളെയും പ്രതി മർദ്ദിക്കാൻ തുനിഞ്ഞു. ഇടത് ചെവിയോട് ചേർന്ന് മൂന്നുതവണയാണ് യുവതിയെ മർദ്ദിച്ചത്. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുക്കുകയും തുടർന്ന് നോർത്ത് പൊലീസ് ടൂറിസ്റ്റ്ഹോം ഉടമയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ടൂറിസ്റ്റ് ഹോമിലെ സി.സി ടിവി ദൃശ്യമടക്കം പൊലീസ് ശേഖരിച്ചിരുന്നു. യുവതിയെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.