padam
കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ പരിസ്ഥിതി അവാർഡ് വിതരണവും വാർഷിക സമ്മേളനവും നെടുമ്പാശേരി എയർലിങ്ക് കാസിൽ ഹോട്ടലിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഇ.സന്തോഷ്‌കുമാർ, ജെ.സുനിൽ, എ.നിസാറുദ്ദീൻ, എം.എസ് ജോർജ്. കെ.എ രാജേഷ്, പ്രൊഫ. പ്രശാന്ത് ആർ.കൃഷ്ണ, മുഹമ്മദ് അഷറഫ്, അരുൺകുമാർ എന്നിവർ സമീപം

കൊച്ചി: പ്രകൃതിക്കും മനുഷ്യനും ദോഷകരമാവാത്ത വിധം പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം എങ്ങനെ സാദ്ധ്യമാക്കാമെന്ന് ഗൗരവമായി ചർച്ചചെയ്ത് നടപ്പിലാക്കണമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെ.പി.എം.എ) പരിസ്ഥിതി അവാർഡ് വിതരണവും വാർഷികസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി എയർലിങ്ക് കാസിൽ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് എം.എസ്. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘടനയ്ക്കുള്ള അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് കണ്ണൂർ ക്ലീൻ കേരള കമ്പനിക്കും വ്യക്തിക്കുളള അവാർഡ് തുകയായ 25,000രൂപ വീതം പങ്കിട്ട പരിസ്ഥിതി സംരക്ഷകരായ വടകര സ്വദേശി മണലിൽ മോഹനൻ, തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ബിനു പുഞ്ചക്കരി എന്നിവർക്കുള്ള അവാർഡുകൾ ഹൈബി ഈഡൻ ചടങ്ങിൽ സമ്മാനിച്ചു.

സിപെറ്റ്, കുസാറ്റ് എന്നിവിടങ്ങളിലെ ബി.ടെക്, എം.ടെക് പോളിമെർ വിദ്യാർത്ഥികൾക്ക് കെ.പി.എം.എ നൽകിവരുന്ന സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. അസോസിയേഷന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സിപെറ്റ് ജോയിന്റ് ഡയറക്ടർ കെ.എ. രാജേഷ് നിർവഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ. പ്രശാന്ത് ആർ.കൃഷ്ണ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി. കെ.പി.എം.എ ജനറൽ സെക്രട്ടറി ജെ. സുനിൽ, ട്രഷറർ ഇ. സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷറഫ്, മുൻ പ്രസിഡന്റ് പി.ജെ. മാത്യു, മുൻ സെക്രട്ടറി അരുൺകുമാർ, റാഫേൽ തുടങ്ങിയവർ സംസാരിച്ചു.