high-court

കൊച്ചി: ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 17 മന്ത്രിമാർക്കുമെതിരെ നൽകിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കും നോട്ടീസ് നൽകാനും നിർദ്ദേശിച്ചു. മാർച്ച് 11ന് വീണ്ടും പരിഗണിക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിൽനിന്ന് എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ ആശ്രിതർക്ക് 8.5 ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചതിനെയാണ് ഹർജിക്കാരൻ ലോകായുക്തയിൽ ചോദ്യംചെയ്തത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ ഉൾ റഷീദും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഹർജി തള്ളി പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ആരോപണം നിലനിൽക്കില്ലെന്ന് ലോകായുക്ത വിധിയെഴുതിയപ്പോൾ, ഉപലോകായുക്തമാർ മന്ത്രിസഭാ തീരുമാനത്തെ ലോകായുക്തയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് വ്യക്തമാക്കിയത്. മൂന്ന് ഉത്തരവുകളും റദ്ദാക്കണമെന്നും ഹർജി നിലനിൽക്കുമോയെന്നതടക്കമുള്ള വിഷയങ്ങൾ വീണ്ടും പരിഗണിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

 മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്തു നൽകാനാണ് ഹൈക്കോടതി നിർദ്ദേശം. ഉന്നത സ്ഥാനത്തുള്ളവരെ ഔദ്യോഗിക പദവിയിൽ കക്ഷി ചേർക്കുമ്പോൾ നോട്ടീസിന് പകരം രജിസ്ട്രാർ ഒപ്പുവച്ച കത്താണ് നൽകേണ്ടതെന്ന് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. ഹൈക്കോടതി ചട്ടത്തിലെ സെക്ഷൻ 51 ഡിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കോടതി അത് അംഗീകരിക്കുകയായിരുന്നു. കത്താണെങ്കിലും നോട്ടീസായാണ് കണക്കാക്കുക.