മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന നഗരോത്സവത്തിന്റെ ഭാഗമായി ഒട്ടക, കുതിര സവാരി ആരംഭിച്ചു. രാജസ്ഥാനിൽ നിന്ന് എത്തിച്ച രണ്ട് ഒട്ടകങ്ങളാണ് മേള നഗരിയിലുള്ളത്. അതിലൊന്ന് സെൽഫി എടുക്കുന്നതിന് അവസരംഒരുക്കി പവലിയനിലുണ്ട്. മറ്റൊന്ന് സവാരിക്കാണ്. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണം തോന്നുംവിധം ആടയാഭരണങ്ങളാൽ അലംകൃതമാണ് സവാരിക്ക് ഒരുക്കിയിരിക്കുന്ന ഒട്ടകം. കുട്ടികളെയും മുതിർന്നവരെയും ഒട്ടക സവാരി ഒരുപോലെ ആകർഷിക്കുന്നു. കുതിരപ്പുറത്തും കുതിര വണ്ടിയിലും സവാരി നടത്തുന്നതിനുള്ള സൗകര്യവും നഗരോത്സവത്തിലുണ്ട്. ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.