asha

കൊച്ചി: ആശാ വർക്കർമാരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അറിയിച്ചു.

ഞായറാഴ്ച പോലും അവധിയില്ലാത്ത ആശാ വർക്കർമാരുടെ തുച്ഛമായ വേതനം മൂന്നു മാസം കുടിശികയാണ്. ഇൻസെന്റീവ് മുടങ്ങിയിട്ട് നാലു മാസമായി. കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പായില്ല.

വേതനവും ഇൻസെന്റീവും നൽകുക, ജോലി സമയം 8 മണിക്കൂറാക്കുക, സർവേകൾക്ക് പ്രത്യേക വേതനം അനുവദിക്കുക, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുക, പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വേതനം വർദ്ധിപ്പിക്കുക, ആശാ വർക്കർമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി അംഗീകരിക്കുക, പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ആദ്യപടിയായി എറണാകുളം ഡി.എം.ഒ ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 11ന് ധർണ നടത്തുമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് സൈബാ താജുദ്ദീൻ അറിയിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി ധർണ ഉദ്ഘാടനം ചെയ്യും