drpet
സാജി ചന്ദ്രൻ

കൊച്ചി: അരുമ മൃഗത്തിന് ഏതു പാതിരാത്രി അസുഖം വന്നാലും വിഷമിക്കേണ്ട. നോക്കാൻ ഡോക്ടർ പെറ്റുണ്ട്.

മൊബൈലിൽ ഡോ. പെറ്റ്ഓൺലൈൻഡോട്ട്‌ഇൻ (drpetonline.in) എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിട്ടാൽ മതി. വീഡിയോ കാളിൽ ഡോക്ടറെത്തും. മൃഗത്തെയോ പക്ഷിയെയോ കണ്ട് ഉടമയോട് സംസാരിക്കും. മരുന്ന് പറഞ്ഞു തരും. ആശുപത്രിയിൽ ചികിത്സിക്കേണ്ടതാണെങ്കിൽ നിർദ്ദേശം നൽകും. തുടർ ചികിത്സകൾക്കായി വിവരങ്ങൾ സൂക്ഷിക്കും. ഫീസ് ഓൺലൈനായി അടയ്ക്കാം.

24 മണിക്കൂറും സേവനം ലഭ്യം. 80ലേറെ വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാണ് സേവനസന്നദ്ധരായുള്ളത്. ആന മുതൽ പക്ഷികൾക്ക് വരെ ചികിത്സയുണ്ട്. ഇഷ്ടമുള്ള ഡോക്ടറെ തിരഞ്ഞെടുക്കാം. ലോകത്ത് എവിടെയും സേവനം ലഭിക്കും. അരുമകളുടെ പരിപാലനം സംബന്ധിച്ച കൗൺസലിംഗും ലഭിക്കും.

കായംകുളം സ്വദേശിയായ ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ സാജി ചന്ദ്രനാണ് ഓൺലൈൻ സംരംഭത്തിന് പിന്നിൽ. കൊവിഡ് കാലത്ത് സൗദി ടെലികോം ഡയറക്ടർ സ്ഥാനം രാജിവച്ച് നാട്ടിലെത്തി. സ്റ്റാർട്ടപ്പുകൾ പലതും ആലോചിച്ചു. ഒടുവിൽ മൃഗചികിത്സാ രംഗം തിരഞ്ഞെടുക്കുകയായിരുന്നു. അത് വൻ വിജയമാവുകയും ചെയ്തു. നാല് സുഹൃത്തുക്കളുമായി ചേർന്നുള്ളതാണ് ടെറിറ്ററി കെയർ എന്ന സ്റ്റാർട്ടപ്പ്.

ഗുജറാത്തിൽ ജനിച്ചുവളർന്ന സാജി ചന്ദ്രൻ ഇലക്ട്രോണിക്സ് ബി.ഇ ബിരുദധാരിയാണ്. 1997ൽ റിലയൻസിൽ ചേർന്നു. 2008ൽ നൈജീരിയിലെത്തി. കാമറൂണിലും ജോലി ചെയ്ത് 2011ൽ സൗദി അറേബ്യയിലെത്തി. 2018ൽ തിരിച്ചെത്തി കൊച്ചി വൈറ്റിലയിൽ താമസം തുടങ്ങി. ഭാര്യ ദീപ സാജു എച്ച്.ഡി.എഫ്.സി ബാങ്കിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റാണ്. മകൾ ദേവിനന്ദന ആർക്കിടെക്ചർ വിദ്യാർത്ഥി.

വളർത്തു മൃഗങ്ങൾക്ക് രാത്രിയിലോ അപ്രതീക്ഷിതമായോ അസുഖം വന്നാൽ തത്സമയം ചികിത്സ ലഭ്യമാക്കാൻ എന്തുവഴിയെന്ന ചിന്തയാണ് ഈ സംരംഭത്തിലേക്ക് എത്തിച്ചത്

-സാജി ചന്ദ്രൻ