ആലുവ: അപകടസാദ്ധ്യതയുള്ളവ നീക്കാനുള്ള അനുമതിയുടെ മറവിൽ അപകടരഹിതമായ തണൽമരങ്ങളും മുറിക്കുന്നതായി പരാതി. ആലുവ നഗരത്തിൽ പെരുമ്പാവൂർ ദേശസാത്കൃത റോഡിലാണ് വ്യാപകമായി തണൽമരങ്ങൾ മുറിക്കുന്നത്.
വഴിയാത്രികർക്കും മറ്റും ആശ്വാസമായി നിൽക്കുന്ന അപകടരഹിതമായ തണൽമരങ്ങളാണ് പരിസരത്തെ ചില കച്ചവടക്കാരെ സഹായിക്കുന്നതിന് മുറിച്ചുനീക്കുന്നതെന്നാണ് ആക്ഷേപം. ചെമ്പകശേരി കവലയിൽ മാത്രം അഞ്ചാമത്തെ തണൽമരമാണ് ഇന്നലെ വെട്ടിയത്. ശിഖരങ്ങൾ മാത്രമാണ് നീക്കുന്നതെന്ന് പറഞ്ഞാണ് പണിയാരംഭിക്കുന്നതെങ്കിലും ഒടുവിൽ ഒരു കൊമ്പുപോലും അവശേഷിപ്പിക്കാതെ വെട്ടിനീക്കുകയാണെന്നാണ് പരാതി.