ആലുവ: കൃഷിയാവശ്യത്തിന് പെരിയാർവാലി കനാലുകളിൽ തുറന്നു വിടുന്ന വെള്ളം കവിഞ്ഞൊഴുകുന്നത് ഇരുകരകളിലും താമസിക്കുന്നവർക്ക് ദുരിതമാകുന്നു. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന വിവിധതരം മാലിന്യങ്ങൾ കമ്പിവേലികളിൽ അടിഞ്ഞുകൂടുന്നതാണ് കനാൽ കവിഞ്ഞൊഴുകാൻ പ്രധാന കാരണം.
കനാൽ ശുചീകരണത്തിലെ അപാകതയും ദുരിതത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് കനാൽ ശുചീകരിച്ചെങ്കിലും മാലിന്യങ്ങൾ പൂർണമായി നീക്കിയില്ല. ഇരുവശങ്ങളിൽ നിന്നുമായി ചെത്തിയിറക്കിയ പുല്ലുകളും മറ്റ് മാലിന്യങ്ങളും കനാലിൽ തന്നെ നീക്കാതെ വച്ചതും വിനയായി.
കഴിഞ്ഞ ദിവസം കോളനിപ്പടി - അശോകപുരം മേഖലയിൽ കനാൽ നിറഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറാൻ ഇടയായത് സമാനമായ സാഹചര്യത്തെ തുടർന്നാണ്.
സംഭവശേഷവും കനാലിൽ നിന്നും കോരിമാറ്റിയ മാലിന്യം വഴിയരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോൾ കാൽനട യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധമാണ് കൂട്ടിയിട്ടിരിക്കുന്നത്. ആലുവ നഗരത്തിൽ പൈപ്പ് ലൈൻ റോഡിലെ ഫ്രണ്ട് ഷിപ്പ് ഹൗസിന് മുന്നിലും ഇത്തരത്തിൽ മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്.
കനാൽ കരകവിഞ്ഞ വെള്ളം വീടുകളിലേക്ക് ഇറങ്ങിയത് നാട്ടുകാർ മാലിന്യം കനാലിലേക്ക് വലിച്ചെറിയുന്നതുകൊണ്ടാണെന്നാണ് പെരിയാർവാലി അധികൃതരുടെ നിലപാട്.