പറവൂർ: പറവൂർ കച്ചേരി മൈതാനിയിൽ കോടതിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കൂടുതൽ സ്ഥലം നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. പറവൂരിലെ കോടതികൾക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ 50 സെന്റ് മാത്രം അനുവദിച്ച നടപടി ചോദ്യം ചെയ്തും പുതിയ ട്രഷറി കെട്ടിടത്തിനനുവദിച്ച 15 സെന്റ് ഉൾപ്പടെ കോടതിക്ക് നൽകണമെന്നും ആവശ്യപ്പെട്ട് അഡ്വ. അയൂബ് ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാമചന്ദ്രന്റെ നിർദ്ദേശം. ട്രഷറിക്ക് അനുവദിച്ച 15 സെന്റ് കൂടി കോടതിക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തതായി സീനിയർ ഗവ. പ്ലീഡർ പ്രദീപ് കോടതി അറിയിച്ചു. ഹർജിക്കാരൻ കോടതിയിൽ നൽകിയ റഫ് സ്കെച്ചിൽ കാണിച്ച ഏരിയ കൂടി ചേർത്തും പാർക്കിംഗ് സൗകര്യങ്ങൾ കാണിച്ചും ഒരു സ്റ്റേറ്റ്മെന്റും സ്കെച്ചും 22നകം ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സർക്കാർ നേരെത്തെ അനുവദിച്ച 50 സെന്റ് സ്ഥലം കൈമാറണമെന്നാവശ്യപ്പെട്ട് അഡ്വ. സുജയ് സത്യൻ ബോധിപ്പിച്ച ഹർജിയും കോടതി തീർപ്പാക്കി.