കാക്കനാട്: തൃക്കാക്കരയിലെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യശേഖരണം മുനിസിപ്പാലിറ്റി പുനരാരംഭിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

2023 മാർച്ചിൽ ബ്രഹ്മപുരം തീപ്പിടുത്തത്തെതുടർന്ന് മുനിസിപ്പാലിറ്റി ഹോട്ടലുകളിൽനിന്നുള്ള മാലിന്യശേഖരണം നിറുത്തിവച്ചിരിക്കുകയാണ്. സ്വകാര്യ ഏജൻസികൾ വഴിയാണ് മാലിന്യം നീക്കുന്നത്. യഥാസമയം മാലിന്യം നീക്കാൻ സ്വകാര്യ ഏജൻസികൾക്ക് കഴിയുന്നില്ല. തോന്നുംപടിയുള്ള നിരക്കാണ് ഈടാക്കുന്നത്. യഥാസമയം മാലിന്യം നീക്കാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മാലിന്യത്തിന്റെ പേരിൽ പിഴ ഈടാക്കുന്നത് നിത്യസംഭവമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.

മാലിന്യനീക്കം സുഗമമാക്കുന്നതിനും സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽനിന്ന് ഹോട്ടലുടമകളെ മുക്തമാക്കുന്നതിനും നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, കാക്കനാട് യൂണിറ്റ് പ്രസിഡന്റ് അനീഷ്‌കുമാർ, സെക്രട്ടറി ഷെയ്ക് ഷാഫി അഹമ്മദ്, ട്രഷറർ മുഹമ്മദ് നിസാർ എന്നിവരും പങ്കെടുത്തു.