soman-62

പെരുമ്പാവൂർ: മിമിക്രിയിൽ മൂന്നു പതിറ്റാണ്ടുമുമ്പ് പെരുമ്പാവൂർ മേഖലയിൽ അറിയപ്പെട്ടിരുന്ന കലാകാരനായിരുന്നു ഇന്നലെ നിര്യാതനായ കൂവപ്പടി കൊട്ടാരത്തിൽ സോമൻ (62). സോമന്റെ മിമിക്രിയിലെ കഴിവ് കണ്ടെത്തിയത് കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലെ അദ്ധ്യാപകരും അന്ന് മിമിക്രിവേദികളിൽ സജീവമായിരുന്ന സഹപാഠിയായിരുന്ന കല്ലമ്പലം വിജയനുമായിരുന്നു. 25 വയസ്സുള്ളപ്പോൾ കലമ്പലം മിമിക്‌സ് എന്ന ട്രൂപ്പിലൂടെ കേരളത്തിൽ നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചു. ചങ്ങനാശേരി ക്ലാസിക്‌സ് ട്രൂപ്പിലേയ്ക്ക് വിജയനൊപ്പം സോമനും ക്ഷണം ലഭിച്ചതോടെയാണ് കൂടുതൽ ശ്രദ്ധേയനായത്. നടൻ ജനാർദ്ദനന്റെയും തിലകന്റെയും ശബ്ദാനുകരണമായിരുന്നു സോമന്റെ അക്കാലത്തെ മാസ്റ്റർപീസ്. പിൽക്കാലത്ത് നർമ്മത്തിന്റെ മേമ്പൊടിയോടെ വേദിയിൽ സ്‌കിറ്റുകളും അവതരിപ്പിച്ചുപോന്നു.

ഘനഗാംഭീര്യമുള്ള ശബ്ദത്തിനുടമയായിരുന്നതിനാൽ ആദ്യകാലങ്ങളിൽ കലാസാംസ്‌കാരിക വേദികളിൽ അനൗൺസറായി തിളങ്ങിയിരുന്നു.