 
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി കൊല്ലത്തു നിന്ന് ട്രെയിനിൽ മടങ്ങവേ കാലുകൾക്ക് സാരമായി പരിക്കേറ്റ പെരുമ്പാവൂർ തണ്ടേക്കാട് ജമാ അത്ത് സ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസലിന്റെ നില മെച്ചപ്പെട്ടു. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ആദ്യഘട്ട ശസ്ത്രക്രിയ ഇന്നലെ പൂർത്തിയാക്കി മുറിയിലേക്ക് മാറ്റി. ഇടതുകാലിലെ തള്ളവിരൽ മുറിച്ചുനീക്കേണ്ടി വന്നു. ഇനി പ്ളാസ്റ്റിക് സർജറി നടത്തണം. വലതു കാലിലെ നാല് വിരലുകൾക്കും പരിക്കുണ്ട്. ഡോ. ആശയുടെ നേതൃത്വത്തിലാണ് ചികിത്സ. ഏതാനും ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. വട്ടപ്പാട്ട് ടീമിലെ മണവാളൻ വേഷമായിരുന്നു മുഹമ്മദ് ഫൈസലിന്.
കൂട്ടുകാർക്കൊപ്പം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൊല്ലത്ത് നിന്ന് ചെന്നൈ - ഗുരുവായൂർ എക്സ്‌പ്രസിന്റെ തിങ്ങിനിറഞ്ഞ ജനറൽ കമ്പാർട്ട്മെന്റിൽ ആലുവയിലേക്ക് തിരിച്ചത്. വാതിലിനരികിൽ ഇരിക്കുമ്പോൾ കാൽ എവിടെയോ തട്ടുകയായിരുന്നു. മൺറോതുരുത്തിന് സമീപമാണ് സംഭവം. അപകടത്തിന് തൊട്ട് മുമ്പാണ് കൂട്ടുകാരനെ മാറ്റി ഫൈസൽ വാതിലിനരികിൽ ഇരുന്നത്. അദ്ധ്യാപകൻ വി.പി. അബൂബക്കറിന്റെ നേതൃത്വത്തിൽ കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒപ്പം ഇരുന്ന മറ്റൊരു കൂട്ടുകാരന്റെ കാലിനും നിസാരപരിക്കുണ്ട്.
എറണാകുളം പൊലീസ് വിജിലൻസ് ഉദ്യോഗസ്ഥൻ പെരുമ്പാവൂർ ചെമ്പറക്കി തങ്ങളത്ത് ടി.എസ്. അബ്ദുൾ ജമാലിന്റെയും സീനയുടെയും മൂത്തമകനാണ് മുഹമ്മദ് ഫൈസൽ.