
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനകം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ അപ്പീലിലാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. അപ്പീൽ മാർച്ച് 11ന് വീണ്ടും പരിഗണിക്കും.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം ഒരുമിച്ചു നൽകാനാവില്ലെന്നുമാണ് അപ്പീലിൽ കെ.എസ്.ആർ.ടി.സിയുടെ വാദം. പത്താംതീയതിക്കകം ശമ്പളം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ രണ്ടു ഗഡുക്കളായാണ് ശമ്പളം നൽകുന്നത്. 20 വർഷമായി കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണ്.
വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളവും പെൻഷനും നൽകാൻ വിനിയോഗിക്കുന്നു. വായ്‌പയും സർക്കാർ സഹായവും കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും അപ്പീലിൽ പറയുന്നു.ഗഡുക്കളായി ശമ്പളം നൽകുന്ന കാര്യത്തിൽ ജീവനക്കാരുടെ അഭിപ്രായം തേടിയപ്പോൾ ആരും എതിർത്തിരുന്നില്ല. ഇതൊന്നും കണക്കിലെടുക്കാതെയാണ് കഴിഞ്ഞ ആഗസ്റ്റ് 24 ന് ശമ്പളം എല്ലാ മാസവും പത്താം തീയതിക്കകം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടതെന്നും കെ.എസ്.ആർ.ടി.സി പറയുന്നു.