
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെ മാപ്പുസാക്ഷികളാക്കാനുള്ള ഇ.ഡിയുടെ അപേക്ഷ എറണാകുളത്തെ പ്രത്യേക കോടതി അംഗീകരിച്ചു. 55 പ്രതികളുള്ള കേസിൽ ഇവർ യഥാക്രമം 33 ഉം 34 ഉം പ്രതികളായിരുന്നു. മാപ്പുസാക്ഷികളാക്കിയതോടെ പ്രതിപ്പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കി. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ ഇടപെടലുകളെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് ഇവരെന്നാണ് ഇ.ഡിയുടെ നിഗമനം. സ്വമേധയാ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്ന് സുനിലും ബിജു കരീമും നേരത്തെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.