 
കൊച്ചി: എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് സുരക്ഷ , മറ്റ് സേവനങ്ങൾ എന്നിവ ക്രമീകരിക്കുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ എൻ.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത,മാലിന്യനിർമാർജനം, സുരക്ഷ, ജനത്തിരക്ക് നിയന്ത്രണം, ഭക്ഷ്യ സുരക്ഷ , മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കർശനമായി നിരോധിക്കും.പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും ഉത്സവം നടത്തുക. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം വേർതിരിച്ച് നിർമാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ഉയർന്നു. വോളന്റിയേഴ്‌സായ വിവിധ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുടെയും ഹരിതകർമസേനയുടെയും സഹകരണത്തോടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് തുറക്കുന്ന ബജിക്കട , ജ്യൂസ് ഷോപ്പുകൾ എന്നിവിടങ്ങളിലും മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിനെ സംബന്ധിച്ചും ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ചും നിർദേശങ്ങൾ നൽകും.
ആരോഗ്യം , പൊലീസ്, അഗ്‌നിശമന സേന തുടങ്ങിയ വകുപ്പുകളും ആവശ്യമായ സേവനങ്ങൾ ഉറപ്പു നൽകി. കളക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി ചെൽസാസിനി, കൗൺസിലർ പത്മജ എസ്. മേനോൻ സബ്കളക്ടർ കെ.മീര,ക്ഷേത്ര ഉത്സവക്കമ്മറ്റി ഭാരവാഹികൾ,കൊച്ചികോർപ്പറേഷൻ ,കെ.എസ്.ഇ.ബി, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, അഗ്‌നിശമനസേന, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഈ മാസം 16 മുതൽ 23 വരെയാണ് എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിലെ ഉത്സവം.