കൊച്ചി: സുൽത്താൻ ബത്തേരി ടൗണിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് വനം വകുപ്പു പിടി കൂടിയ പി.എം. 2 എന്ന ആനയെ കാട്ടിലേക്ക് തിരിച്ചു വിടണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്.
മതിയായ കൂടിയാലോചനകളില്ലാതെ വനം വകുപ്പ് ആനയെ ധൃതിയിൽ പിടി കൂടി. ഇതിനെ റേഡിയോ കോളർ സ്ഥാപിച്ച് വെള്ളവും ഭക്ഷണവും ലഭിക്കുന്ന ഉൾവനത്തിലേക്ക് വിടണം. ആനയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും അഭിഭാഷകൻ രമേഷ് ബാബു കൺവീനറായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ആനകളെ പിടി കൂടുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടണമെന്ന് നിർദ്ദേശിക്കാനും റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.
കഴിഞ്ഞ വർഷം ജനുവരി ഒമ്പതിനാണ് 13 വയസുള്ള പി.എം. 2 വിനെ പിടി കൂടിയത്. മേയ് മുതൽ കാടിനു സമാനമായ അന്തരീക്ഷത്തിൽ തടവിലാണ്. ആന ഇപ്പോൾ അക്രമ സ്വഭാവം കാണിക്കുന്നില്ല. നേരത്തെ ഈ ആനയെ തമിഴ്‌നാട് വനം വകുപ്പ് പിടി കൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടിരുന്നു. കേരള വനം വകുപ്പ് ആനയെ പിടി കൂടിയ ശേഷം റേഡിയോ കോളർ നീക്കം ചെയ്തു. മുമ്പ് തമിഴ്‌നാട് വനം വകുപ്പ് അധികൃതർ പിടി കൂടി 90 ദിവസം തടവിലാക്കിയിരുന്ന റിവാൾഡോ എന്ന ആനയെ കാട്ടിലേക്ക് തിരിച്ചയച്ച സംഭവവും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.